2011 ഇംഗ്ലണ്ടിൽ ആയിരുന്നു ബ്രാഡ്ലി ജനിച്ചത്. ആ കുഞ്ഞിന്റെ ജീവിതം കീഴ്മേൽ മറിയുമ്പോൾ അവനു പ്രായം കേവലം 18 മാസം. ന്യൂറോബ്ലാസറ്റോമ എന്ന ക്യാൻസർ രോഗമായിരുന്നു അവന് . ചെറിയ കുഞ്ഞുങ്ങളിൽ മാത്രം കണ്ടു വരുന്ന അത്യപൂർവ്വമായ ക്യാൻസർ. മാതാവിന്റെ ഉദരത്തിൽ വെച്ച് തന്നെ ബാക്കിയാവുന്ന ന്യുറോ ബ്ലാസ്റ്റ്സ് എന്ന കോശങ്ങളിൽ നിന്നും വളരുന്ന അപൂർവ്വ രോഗം. ആധുനിക ശാസ്ത്രത്തിനും പരിമിതികൾ ഉള്ള ഈ രോഗത്തിൽ നിന്നും രക്ഷിക്കാൻ ആവുന്നത്ര ശ്രമിച്ചെങ്കിലും നിരാശയായിരുന്നു എന്നും ഫലം. ലോകമെമ്പാടുമുള്ള ആരാധകരും മനുഷ്യസ്നേഹികളും സാമ്പത്തികവും അല്ലാതെയും ഇക്കാലമത്രയും ബ്രാഡ്ലിയെ സഹായിച്ചിരുന്നു, പക്ഷെ നമ്മുടെ ആഗ്രഹങ്ങൾക്കോ പണത്തിനോ വാങ്ങാൻ കഴിയാത്ത ഒട്ടേറെ കാര്യങ്ങൾ ഉണ്ടല്ലോ. തുടർച്ചയായ ചികിത്സകൾ കൊണ്ട് പ്രയോജനം ഇല്ലെന്ന ബോധ്യത്തിൽ ഒടുവിൽ ഈ വർഷം മെയ് മാസം ബ്രാഡ്ലി ആശുപത്രി വിട്ടു. ശിഷ്ട കാലം മരണവും കാത്തു വീട്ടിൽ.
ഒരു കടുത്ത സണ്ടർലൻഡ് ആരാധകനായിരുന്നു ബ്രാഡ്ലി. മുൻ സണ്ടർലൻഡ് താരവും ഇംഗ്ലണ്ട് കളിക്കാരനുമായ ജർമൻ ഡെഫോയി ആയിരുന്നു ഇഷ്ട്ട താരം. രോഗശയ്യയിലും ഫുട്ബോളിനെ അതിരറ്റ സ്നേഹിച്ച ബ്രാഡ്ലി അങ്ങിനെയാണ് ലോക ശ്രദ്ധയിൽ വരുന്നത്. ജീവിതത്തിലെ ദിനങ്ങൾ എണ്ണപ്പെട്ട ആ കൊച്ചു ആരാധകനെ സഹായിക്കാനായി പിന്നെ ലോകം ഒന്നിച്ചു മുന്നോട്ട് വന്നു. അവനെ സ്നേഹിച്ചവർ സ്വരുക്കൂട്ടി 70000 യൂറോ സംഘടിപ്പിച്ചെങ്കിലും ഏതു ചികിത്സക്കും തിരികെ നൽകാനാവാത്ത വിധം അവൻ മുന്നോട്ട് പോയിരുന്നു. പിന്നെ അവന്റെ ആഗ്രഹങ്ങൾ സാധിക്കാനായി ലോകം ശ്രമം തുടങ്ങി. സണ്ടർലൻഡ് ക്ലബ്ബും ഇംഗ്ലണ്ട് ദേശിയ ടീമും ഒരു മത്സരത്തിൽ അവനെ സ്വന്തം കളിക്കാരനായി കളത്തിലിറക്കി. ആഗ്രഹപ്രകാരം ഗോളും നേടി ചരിത്രത്തിൽ ഇടം പിടിക്കുകയും ചെയ്തു.
സമീപ കാലത്തായി മോശം വാർത്തകൾ ആയിരുന്നു പുറത്തു വന്നിരുന്നത്. രോഗം മൂർച്ഛിച്ചിരിക്കുന്നു. ശരീര ഊഷ്മാവ് ഉയരുന്നു, ശ്വാസോഛ്വാസം കുറയുന്നു എന്നൊക്കെ ബ്രാഡ്ലിയുടെ കുടുംബം കഴിഞ്ഞ ദിവസങ്ങളിൽ ലോകത്തെ അറിയിച്ചുകൊണ്ടിരുന്നു. കേവലം 6 വയസ്സ് മാത്രമുള്ള ആ കുട്ടി രോഗത്തോട് പൊരുതുന്നത് ഹതഭാഗ്യരായ ആ കുടുംബത്തിന് കണ്ടു നിൽക്കേണ്ടി വന്നു. ഇനിയും പീഡനങ്ങൾക്കിരയാവാതെ ബ്രാഡ്ലിയെ ദൈവം തിരികെ വിളിക്കുന്നതും കാത്തു ആരാധകരും കാത്തിരുന്നു. പ്രതീക്ഷിച്ചതു പോലെ ഇന്ന് വൈകീട്ട് കൊച്ചു ബ്രാഡ്ലി ദൈവത്തിങ്കലേക്കു തിരികെ പോയി എന്ന് കുടുംബം ലോകത്തെ അറിയിച്ചു.
മനസ്സിൽ നിന്നും ആ ചിരി മായുന്നില്ല. ചിരിക്കാത്ത ഒരു ചിത്രം പോലും ഞാൻ കണ്ടിട്ടില്ല. ആശുപത്രിയിൽ സൂചിമുനകൾ ശരീരത്തിൽ തറച്ചപ്പോഴും ക്യാമറക്ക് മുൻപിൽ ആ ചിരി എന്നുമുണ്ടായിരുന്നു. പക്ഷെ എത്ര വേദനകൾക്കിടയിലാണ് ആ ചിരി വന്നിരുന്നതെന്ന് ഞങ്ങൾക്കറിയാം. അത് കൊണ്ട് തന്നെയാണ് ബ്രാഡ്ലിയെ ഞാൻ ഒരു പോരാളി എന്ന് വിശേഷിപ്പിക്കുന്നത്. രോഗത്തോട് പോരടിച്ചു ചിരിച്ചു കൊണ്ട് മരണം വരിച്ച ഒരാൾ ഒരു പോരാളിയാണ്. മറക്കില്ല ബ്രാഡ്ലി. വേദനകളില്ലാത്ത ലോകത്തു നീ ചിരിക്കുന്നത് ഞങ്ങൾ സ്വപ്നം കാണുന്നു.
കൂടുതൽ വർത്തകൾക് ഞങ്ങളുടെ fb പേജ് ഫോളോ ചെയ്യുക..
Comments
Post a Comment