കൊണ്ടോട്ടിയിലെ ഓട്ടോക്കാരനില്‍ നിന്നും രാജ്യത്തെ ഏറ്റവും മികച്ച ഫുട്ബോളറിലേക്കുള്ള ദൂരത്തില്‍ അനസ് എടത്തൊടിക പിന്നിട്ടത് സഹനത്തിന്റെ, സാഹസത്തിന്റെ കാല്‍പ്പന്ത് കാലം. മനസ്സില്‍ നിറയുന്ന കാല്‍പ്പന്തിനെ കാലുകളിലേക്ക് ആവാഹിച്ച് പ്രതിരോധ ഭടന്റെ പരുക്കന്‍ ഭാവത്തില്‍ നില്ക്കുന്ന അനസിനെ അറിയാത്തവരായി ഇന്ത്യന്‍ ഫുട്ബോളില്‍ ഇന്നാരുമില്ല. ഐ.എസ്.എല്ലും ഐ ലീഗും ഫെഡറേഷന് കപ്പും ഏ.എഫ്.സി കപ്പും ദേശീയ ടീമുമെല്ലാം പിന്നിട്ട് ഇപ്പോള്‍ ബഹുമതികളുടെ ലോകത്ത് നില്ക്കുമ്പോള് അനസിലെ ഫുട്ബോളര്‍ക്ക് കാര്യമായ മാറ്റങ്ങളില്ല.
ഏറനാടിന്റെ സ്നേഹവും ലാളിത്യവുമെല്ലാം വിലാസമാക്കി അദ്ദേഹം മുന്നേറുമ്പോള്‍ അത് ഒരു നാടിന്റെ ശക്തിയായി മാറുന്നു. ഇന്ത്യന്‍ ഫുട്ബോളിലെ ഏറനാടന്‍ വീരഗാഥകള്‍ ചരിത്രത്തിന്റെ ഭാഗമായെങ്കിലും കളിക്കമ്പമെന്ന വികാരത്തില്‍ മലപ്പുറത്തിന്റെ ഫുട്ബോള്‍ രക്തം എവിടെയുമുണ്ട്. രാജ്യത്ത് എവിടെ ഫുട്ബോള്‍ നടന്നാലും കാണാനും നാല് ഡയലോഗുകള്‍ അടിക്കാനും മലപ്പുറത്തുകാര്‍ വേണം. പണ്ട് ഓട്ടോ ഓടിച്ചിരുന്ന കാലത്ത് പ്രതിദിന വരുമാനം 180 രൂപയായിരുന്നെങ്കില്‍ ഇന്ന് അനസിന്റെ ഓരോ മിനുട്ടിനും 180 രൂപയേക്കാള്‍ വിലയുണ്ട്. മലപ്പുറത്ത് നിന്നും മുംബൈയിലെത്തി, അവിടെ നിന്നും പൂനെ വഴി ഡല്‍ഹിയിലെത്തി, വീണ്ടും പൂനെയുടെ അമരക്കാരനായി മാറിയ താരത്തിന്റെ പ്രതിരോധ മികവിനെക്കുറിച്ച് ലോകത്തെ ഏറ്റവും മികച്ച പ്രതിരോധ ഭടന്മാരില് ഒരാളായ റോബര്‍ട്ടോ കാര്‍ലോസ് പറഞ്ഞതായിരുന്നു ഏറ്റവും വലിയ അംഗീകാരം. ഡല്‍ഹി ഡൈനാമോസിന്റെ പരിശീലകനായി വന്നപ്പോള്‍ കാര്‍ലോസിന് കീഴിലായിരുന്നു അനസ്-പന്തിനെയും പ്രതിയോഗിയെയും ജാഗ്രതയോടെ സമീപിക്കാന്‍ കഴിയുന്ന ശക്തമായ മന: സാന്നിദ്ധ്യമാണ് അനസിന്റെ കരുത്തെന്ന് ആ ബ്രസീലുകാരന് പറഞ്ഞെങ്കില്‍ അനസിലെ പ്രതിരോധക്കാരന് ഇത് വരെ കളത്തിലെ നല്ല പയ്യനാണ്. ബഹളമില്ല, കയ്യാങ്കളിയില്ല, കാര്‍ഡ് പ്രയോഗങ്ങളില്ല. ഡിഫന്‍സ് കാക്കുമ്പോള്‍ അല്‍പ്പം റഫ് ആവണം-അതിനപ്പുറം കളി നിയമങ്ങളെ അനാദരിക്കാത്ത താരം.
ഫുട്ബോള്‍ പ്ലെയേഴഅസ് അസോസിയേഷന് ഓഫ് ഇന്ത്യ രാജ്യത്തെ ഏറ്റവും മികച്ച താരമായി ഒരു ഡിഫന്‍ഡറെ തെരഞ്ഞെടുത്തത് തന്നെ തന്റെ റോളില്‍ അനസ് പ്രകടിപ്പിക്കുന്ന ഉത്തരവാദിത്വവും സംയമനവും മനസ്സിലാക്കിയാണ്. ഐ.എസ്.എല്‍ താരവിപണി സജീവമാവുമ്പോള്‍ ഡല്‍ഹി അനസിനെ വിടില്ലെന്ന് പറയുന്നതിലുണ്ട് ആ താരത്തിന്റെ വിപണി മൂല്യം.
കൂടുതൽ വർത്തകൾക് ഞങ്ങളുടെ fb പേജ് ഫോളോ ചെയ്യുക..
Comments
Post a Comment