ലോകത്തെ മുന്‍ നിര താരങ്ങളുടെ കൂടാരം..ആരും കൊതിക്കുന്ന വരുമാനം..ആരാധക ബാഹുല്യം വിളിച്ചോതുന്ന പിന്തുണ.. ഏത് അളവുകോലെടുത്താലും ആധുനിക ഫുട്ബോളിലെ എതിരാളികളില്ലാത്ത ക്ലബുകളാണ് സ്പാനിഷ് കൂറ്റന്മാരായ ബാഴ്സലോണയും റയല്‍ മാഡ്രിഡും. രണ്ട് ക്ലബുകള്‍ എന്നതിലുപരി രണ്ട് സംസ്കാരങ്ങളുടെ പ്രതിനിധികള്‍ കൂടിയാണ് റയലും ബാഴ്സയും. അതുകൊണ്ടു തന്നെ കളിക്കളത്തിലും പുറത്തും ഈ ടീമുകളെ സംബന്ധിച്ചുണ്ടാകുന്ന വാര്‍ത്തകള്‍ കേവലം കളിക്കാര്യമായിട്ടല്ല സ്പെയിനോ യൂറോപ്പോ ഉറ്റു നോക്കുന്നത്. എന്നാല്‍ ഇപ്പോള്‍ രണ്ട് ക്ലബുകളും രണ്ട് ദിശയിലാണ് നീങ്ങുന്നതെന്നതാണ് ഫുട്ബോള്‍ ലോകത്തെ അതിശയിപ്പിക്കുന്ന വസ്തുത. മെസി, സുവാരസ്, നെയ്മര്‍ മുന്നേറ്റ ത്രയത്തിന്റെ ചിറകിലേറി തോല്‍വിയറിയാതെ യൂറോപ്പാകമാനം പറന്നു നടക്കുകയാണ് ബാഴ്സലോണ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗരത് ബെയ്ല്, കരീം ബെന്‍സേമ തുടങ്ങിയ വമ്പന്‍ തോക്കുകള്‍ ഉണ്ടായിട്ടും പരസ്പര വിശ്വാസമോ ആത്മവിശ്വാസമോ ഇല്ലാത്ത വെറുമൊരു കളിക്കൂട്ടമായി മാറിപ്പോയിരിക്കുകയാണ് റയല്‍. ക്രിസ്റ്റ്യാനോ ക്ലബ് വിടാന്‍ തീരുമാനമെടുക്കുന്നതു വരെയായിരിക്കുന്നു റയല്‍ നിരയുടെ അപചയം.
എന്താണ് ബാഴ്സലോണയെ അജയ്യരായി നിലനിര്‍ത്തുന്ന ഘടകം? എന്തുകൊണ്ടാണ് റയല്‍ ഒരു സാധാരണ ക്ലബ് മാത്രമായി അധപതിച്ചത് ?
ബാഴ്സലോണക്ക് ഫുട്ബോള്‍ വെറും കാറ്റുനിറഞ്ഞൊരു തുകല്പന്തല്ല, സൗഹൃദ ശ്വാസംകൊണ്ട് ഊതിവീര്‍ത്ത ഹൃദയമാണവര്ക്കത്. അവരുടെ കളിമുറ്റത്തുയരുന്നത് താരകപ്പോരിന്റെ താന്പോരിമയല്ല. ഒത്തുചേരലിന്റെ, പങ്കുവെയ്ക്കലിന്റെ കളിചിരിയാണ്. എങ്ങും മനംനിറഞ്ഞൊഴുകുന്ന ആഘോഷം. ആ കളിക്കൂട്ടം മുഴുവന്‍ സൗഹൃദത്തിന്റെ ആലിംഗനങ്ങളില്‍ വിജയാഘോഷങ്ങള്‍ നടത്തുന്നവരാണെങ്കിലും എടുത്തുപറയേണ്ടത് എംഎസ്എന്‍ എന്ന മൂവര്‍ സംഘത്തെക്കുറിച്ചാണ്. ഫുട്ബോള്‍ ചരിത്രത്തെ ഏറ്റവും അപകടകാരികളായ മുന്നേറ്റമെന്ന് രണ്ട് സീസണുകള്‍ കൊണ്ട് തന്നെ തെളിയിച്ച മെസി, നെയ്മര്‍, സുവാരസ് ത്രിമൂര്‍ത്തികളെ കുറിച്ച്.
മെസിയും സുവാരസും നെയ്മറും, ലോകത്തെ ഏറ്റവും ആരാധകരുള്ള, വിലപിടിപ്പുള്ള മൂന്ന് താരങ്ങള്‍. ഫുട്ബോള്‍ സ്വാര്‍ത്ഥതയുടെ കളിയരങ്ങല്ലെന്നും ഒത്തൊരുമയുടെ ആഘോഷമാണെന്നും ഈ മൂന്ന് ലാറ്റിനമേരിക്കക്കാര്‍ വീണ്ടും വീണ്ടും ലോകത്തെ ഓര്‍മിപ്പിക്കുന്നു. പൊന്നിന് വിലയുള്ള താരങ്ങള്‍ താന്‍ പോരിമയില്ലാതെ തോളില്‍ കയ്യിട്ട് പരസ്പരം പ്രോത്സാഹിപ്പിച്ച് കളിക്കുന്നു. ഗോളടിക്കുന്നു. ഗോളടിപ്പിക്കുന്നു. ലക്ഷ്യം ബാഴ്സലോണയെന്ന വികാരത്തിന്റെ വിജയം മാത്രം. ഈ സൗഹൃദത്തിന്റെ സത്യസന്ധതക്കുള്ള പ്രതിഫലമാണ് സംക്ഷിപ്തമായി കറ്റാലന്‍ നിരയുടെ ഈ കുതിപ്പിനാധാരം.
ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് സെല്‍റ്റാ വിഗോക്കെതിരെ നടന്ന മത്സരത്തില്‍ പിറന്ന ചരിത്ര ‘പെനാല്‍റ്റി പാസ്’ ഈ സൗഹൃദ കൂട്ടത്തിന്റെ ഏറ്റവും പുതിയ അടയാളപ്പെടുത്തലായി. എതിര് കളിക്കാരനെയും ടീമിനെയും അപഹസിക്കാനെന്ന് പഴി കേള്‍ക്കുമ്പോഴും സ്വന്തം കൂട്ടുകാരന് ഒരു ഹാട്രിക്, അതു വഴി ഒരു പുഞ്ചിരി. അതിനാണ് മെസിയെന്ന ചരിത്രപുരുഷന് അത് ചെയ്തതെന്ന് വിശ്വസിക്കാനാണ് ഭൂരിപക്ഷവും ഇഷ്ടപ്പെടുന്നത്.
മെസി, സാവി, ഇനിയെസ്റ്റ കൂട്ടുകെട്ട് യൂറോപ്പിനെ വിറപ്പിച്ച പെപ് ഗ്വാര്‍ഡിയോള യുഗത്തില്‍ നിന്ന് വളരെ ലളിതമായി മെസി, സുവാരസ്, നെയ്മര്‍ ത്രയം ലോകം ഭരിക്കുന്ന ലൂയി എന്റിക് യുഗത്തിലേക്ക് ബാഴ്സയെ പരിവര്‍ത്തനം ചെയ്യിച്ച കറ്റാലന്‍ അധികൃതരും ഏതു ക്ലബുകള്‍ക്കും മാതൃകയാണ്. മറ്റൊരു ലോകക്ലബിനും അവകാശപ്പെടാനില്ലാത്ത ഈ കൂട്ടുകെട്ടിനെ നിര്‍മിച്ചതില്‍ ബാഴ്സലോണയ്ക്ക് അഭിമാനിക്കാം. കാരണം അവര്‍ പണം നല്കി വാങ്ങിയത് താരങ്ങളെ മാത്രമല്ല, മനുഷ്യരെക്കൂടിയാണ്. ഈ മനുഷ്യര്‍ ഇന്ന് അജയ്യതയുടെ പുതിയ കാവ്യം രചിക്കുന്നു.
ഇനി കറ്റാലന്‍ ദേശീയതക്കെതിരെ സ്പാനിഷ് വിഭാഗം മുന്നോട്ടു വെക്കുന്ന റയല്‍ മാഡ്രിഡെന്ന ലോകത്തെ ഏറ്റവും വലിയ ഖജനാവുള്ള റയല്‍ മാഡ്രിഡ് എന്ന ക്ലബിന്റെ അവസ്ഥയെടുക്കാം. അപ്രതീക്ഷിത തോല്‍വികള്‍ റയല്‍ മഡ്രിഡ് ക്യാമ്പില്‍ അസ്വാരസ്യങ്ങള്ക്കിടയാക്കിയിരിക്കുകയാണ്. റാഫേല്‍ ബെനിറ്റസിനു പകരമായി ചുമതലയേറ്റ സിനദിന്‍ സിദാനു കീഴില്‍ ടീം പഴയ പ്രതാപത്തിലേക്കു കുതിക്കുകയാണ് എന്ന് തോന്നവെയാണ് നാട്ടുകാര്‍ കൂടിയായ അത്ലറ്റികോ മഡ്രിഡിനോട് നിര്‍ണായക മത്സരത്തില്‍ ഒരു ഗോളിന്റെ തോല്‍വിയേറ്റുവാങ്ങിയത്. തോല്‍വിയോടെ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന അത്ലറ്റികോയുമായി പോയന്റ് വ്യത്യാസം നാലും ബാഴ്സയുമായി 12-മായും വര്‍ധിച്ചത് ആരാധകരെയും ടീമിനെയും അലോസരപ്പെടുത്തി. ചെറിയ ടീമുകള്‍ക്കെതിരെ കൂറ്റന്‍ മാര്‍ജിനില്‍ വിജയിക്കുമ്പോള്‍ പ്രധാന ടീമുകള്‍ക്കെതിരെ റയലിന്റെ പ്രകടനം ശരാശരിക്കു താഴെ മാത്രമാണെന്ന വിമര്‍ശം വെള്ളപ്പടയെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.
ഈയൊരു പശ്ചാത്തലത്തിലാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിവാദ പരാമര്‍ശം വരുന്നത്. തന്റെ നിലവാരം സഹതാരങ്ങള്ക്കുണ്ടായിരുന്നെങ്കില് ലാ ലിഗയില്‍ ഒന്നാമതത്തെിയേനെയെന്ന് അത്ലറ്റികോക്കെതിരെയുള്ള മത്സരശേഷം റൊണാള്‍ഡോ തുറന്നടിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗാരെത് ബെയ്ല്, കരീം ബോന്സേമ, റോഡ്രിഗസ്, ടോണി ക്രൂസ്, മാഴ്സലോ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ നിരയുണ്ടായിട്ടും ഒത്തിണക്കമില്ലെന്ന വിമര്‍ശകരുടെ ആരോപണത്തിന് അടിവരയിടുന്നതായിരുന്നു ക്രിസ്റ്റ്യാനോയുടെ പ്രസ്താവന. താരത്തിന്റെ പ്രസ്താവനക്കെതിരെ വിവിധ കോണുകളില്‍നിന്ന് വിമര്‍ശനമുയര്‍ന്നു. ബാഴ്സലോണ കോച്ച് ലൂയി എന്റിക് അടക്കമുള്ള പ്രമുഖര്‍ വിമര്‍ശവുമായി രംഗത്തെത്തി. തുടര്‍ന്ന് ക്രിസ്റ്റ്യാനോ ഖേദപ്രകടനം നടത്തി. വാട്സ് ആപ്പിലും മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിലുമാണ് താരം മാപ്പു പറഞ്ഞത്.
ഇപ്പോഴിതാ പുതിയ വാര്‍ത്തയെത്തിയിരിക്കുന്നു. ലോകത്തെ ഏറ്റവും ആരാധകരുള്ള ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും നായകന് സെര്‍ജിയോ റാമോസും അടുത്ത സീസണില്‍ സാന്റിയാഗോ ബെര്‍ണബ്യുവില്‍ പന്ത് തട്ടാന്‍ ഇഷ്ടപ്പെടുന്നില്ലത്രെ. വാര്‍ത്ത പുറത്തു വന്നതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അടക്കമുള്ള വമ്പന്മാര് ആയിരം കോടിയിലധികം വില പറഞ്ഞ് താരങ്ങളെ തേടിയെത്തുകയും ചെയ്തു. ക്രിസ്റ്റ്യാനോ മാഡ്രിഡ് വിട്ടാലും ഇല്ലെങ്കിലും സിദാനു പോലും നിയന്ത്രിക്കാനാകാത്ത സംഘമായി റയല്‍ മാറിയതിന് കാരണം ഒന്നേയുള്ളു. ഫുട്ബോളിന് ഒരു ടീം ഗെയിം എന്ന മാന്യത നല്കാന് ഇപ്പോഴും റയല്‍ താരങ്ങള്‍ തയ്യാറായിട്ടില്ല എന്നതു തന്നെ. ഫുട്ബോളിനെ ഭരിക്കുന്ന വ്യക്തി കേന്ദ്രീകൃത ജാടകളില്‍ നിന്നു പുറത്തുകടക്കാന്‍ റയല്‍ താരങ്ങള്‍ പരിശീലിക്കേണ്ടിയിരിക്കുന്നു.
Comments
Post a Comment